പ്രായം ഒന്നിനും പരിമിതിയല്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് കൊച്ചി തോപ്പുംപടി സ്വദേശി രാധാമണി അമ്മ. ഈ 72-ാം വയസിലും ജെസിബി ഉൾപ്പടെയുള്ള 11 ക്ലാസ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കി അമ്മൂമ്മ പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.ബിഎംഡബ്ല്യു ZS 4 കൺവേർട്ടബിൾ സ്‌പോർട്‌സ് കാർ ഓടിക്കുന്ന അമ്മൂമ്മ ഇപ്പോൾ വീഡിയോയിലൂടെ വൈറലായിട്ടുണ്ട്.രാധാമണി അമ്മ ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത് 1981-ൽ ആയിരുന്നു. പിന്നീട് അവിടുന്നിങ്ങോട്ട് ഹെവി വാഹനങ്ങളും ജെസിബിയും പോലുള്ള വമ്പൻ വണ്ടികളാണ് അനായാസം കൈകാര്യം ചെയ്യുന്നത്. A2Z ഹെവി എക്യുപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സ്പോർട്‌സ് കാറോടിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സ്വന്തം മഹീന്ദ്ര ഥാറിൽ വന്ന് നേരെ സ്പോർട്‌സ് കാറിലേക്ക് കയറി പറപ്പിക്കുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.
കൊച്ചിയിലെ A2Z ഡ്രൈവിംഗ് സ്കൂൾ ഉടമയാണ് രാധാമണി. 1970-ൽ ഭർത്താവാണ് ഈ ഡ്രൈവിംഗ് സ്കൂൾ സ്ഥാപിച്ചത്. 30 വയസുള്ളപ്പോഴാണ് രാധാമണി ആദ്യമായി കാർ ഓടിക്കാൻ പഠിക്കുന്നത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഡ്രൈവിംഗ് പഠിക്കുന്നതെങ്കിലും പിന്നീട് അതിൽ താത്പര്യം കണ്ടെത്താനും ഇവർക്കായി. 11 വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇപ്പോൾ ഇവരുടെ കൈയിലുണ്ട്.
എക്‌സ്‌കവേറ്റർ, ഫോർക്ക്‌ലിഫ്റ്റ്, ക്രെയിൻ, റോഡ് റോളർ, ട്രാക്ടർ, കണ്ടെയ്‌നർ ട്രെയിലർ ട്രക്ക്, ബസ്, ലോറി തുടങ്ങി പലതും ഓടിക്കാനുള്ള ലൈസൻസ് രാധാമണി അമ്മ സ്വന്തമാക്കിയിട്ടുണ്ട്. ഹെവി വെഹിക്കിൾ ലൈസൻസ് നേടുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ് രാധാമണി. 2021 ലാണ് വലിയ ചരക്കുകൾ കൊണ്ടുപോകുന്ന ലോറികൾ വരെ ഓടിക്കാനുള്ള ലൈസൻസ് കിട്ടുന്നത്. അതേസമയം 1988-ൽ ബസിനും ലോറിക്കും ലൈസൻസ് നേടി.
Comments